പുത്തൻകുരിശ് (കൊച്ചി) : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മുവാറ്റുപുഴ മേഖലയ്ക്ക് പുതിയ മെത്രാപ്പോലീത്തായെ വാഴിക്കുന്നു. ഗബ്രിയേൽ റമ്പാൻ, മലങ്കര സഭയുടെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ 2026 ജൂൺ 30ന് പുത്തൻകുരിശ് സെൻറ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് അഭിഷിക്തനാവും.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ കാർമികത്വം വഹിക്കുന്ന പ്രഥമ മെത്രാപ്പോലീത്തൻ സ്ഥാനാരോഹണമാണ് പരി. ഇഗ്നാത്തിയോസ് അഫ്രേം II പാത്രിയർക്കീസ് ബാവയുടെ നിർദേശാനുസരണം ജൂൺ 30 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ പുത്തൻകുരിശിൽ നടക്കുന്നത്. വന്ദ്യ ഗബ്രിയേൽ റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചു തരണമെന്ന പള്ളി പ്രതിനിധി യോഗത്തിൻ്റെ ആവശ്യത്തിന് സഭാ സമിതികളും, മലങ്കരയിലെ എപ്പിസ്കോപ്പൽ സുന്നഹദോസും പരി.പാത്രിയർക്കീസ് ബാവായും അംഗീകാരം നൽകിയിരുന്നു.
മൂവാറ്റുപുഴ വാഴപ്പള്ളിയിലെ കളപ്പുരയിൽ കുടുംബത്തിൽ എബ്രഹാം വർഗീസിൻറെയും, മോളി വർഗീസിൻറെയും മകനായി ജനിച്ച വന്ദ്യ ഗബ്രിയേൽ റമ്പാൻ കുട്ടിക്കാലം മുതൽ തന്നെ ദൈവവിളി തിരിച്ചറിഞ്ഞ് മദ്ബഹായിൽ ശുശ്രൂഷകനായി പ്രവേശിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലും യൂറോപ്പിലുമായി ദൈവശാസ്ത്ര പഠനം നടത്തി.
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് കൊമേഴ്സ്, ഡെറാഡൂണിലെ പ്രെസ്ബിറ്റീരിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബാച്ചിലർ ഓഫ് തിയോളജി, സെൻ്റ് അവിജിൻ മൊണാസ്റ്ററി ആർത്ത് സ്വിറ്റ്സർലൻഡിൽ നിന്നും സിറിയക് ലാംഗ്വേജ് ആൻഡ് ലിറ്റർജിയിൽ ഡിപ്ലോമ,
ഓസ്ട്രിയയിലെ സാൽസ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും സിറിയക് തിയോളജിയിൽ മാസ്റ്റേഴ്സ്,
പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
പുണ്യശ്ലോകനായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായും പൗരോഹിത്യ സ്ഥാനങ്ങൾ നല്കി.
2013 ൽ സന്യാസ വ്രതം സ്വീകരിച്ചു തുടർന്ന് കേരളത്തിലെയും യൂറോപ്പിലെയും ദൈവാലയങ്ങളിലും ആശ്രമങ്ങളിലും ശുശ്രൂഷ ചെയ്തു വന്നു.
അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലെ വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളി ആണ് മാതൃ ഇടവക. മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നും 2007 കോറൂയോ പട്ടവും 2011 ൽ യൗഫ്ദ്- യക്നൊ പട്ടവും സ്വീകരിച്ചു. അതേ വർഷം തന്നെ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തി. 2013 ജൂൺ 24ന് റമ്പാൻ സ്ഥാനവും നൽകി. നെടുങ്ങപ്ര സെൻ്റ് മേരീസ്, അല്ലപ്ര സെൻ്റ് ജേക്കബ്സ് ദൈവാലയങ്ങളിൽ വികാരിയായും മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയയുടെയും അല്ലപ്ര മോർ അത്തനേഷ്യസ് സ്പെഷ്യൽ സ്കൂളിലെയും മാനേജരായും സേവനമനുഷ്ഠിച്ചു. 2025 നവംബർ മുതൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ മോർ പീലക്സിനോസ്- മാബൂഗ് സിറിയക് ഓർത്തഡോക്സ് ദയറാ സ്ഥാപിച്ച് പ്രവർത്തിച്ചുവരുന്നു.


