നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഭാര്യ അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതി മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് സ്വദേശി നെടുംമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) യെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസി (37)നെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിൽ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ (36) എന്നയാളെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം പിടികൂടിയിരുന്നു. 2026 മെയ് 8-ാം തിയ്യതി രാത്രി 7:30 ഓടെ തൃക്കൂർ നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന സിറിൾ, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസ്സിലെ രണ്ടാം പ്രതി ജിസ്മി ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതികൾ ഇവരുടെ ജാമ്യാപേക്ഷകൾ തള്ളി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. തുടർന്ന് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പരിക്കേറ്റ ഡീനസിന്റെ ഭാര്യയായ ജിസ്മിയും അവിവാഹിതനായ ഒന്നാം പ്രതി സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ക്രൂരമായ ഈ അതിക്രമത്തിന് കാരണമായത്. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് ഡീനസിനെ വധിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു.



