പേരാമംഗലം:മനപ്പടിയിൽ വയോധികയുടെ ആഭരണം മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശിനിയായ ലക്ഷ്മി (40), അഥവാ കാമാക്ഷി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. ഒളരിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി.
മനപ്പടിയിൽ താമസിക്കുന്ന ലൈലയുടെ ഭർത്താവിന്റെ സഹോദരിയായ മറിയത്തെ പരിചരിക്കുന്നതിനായുള്ള ജോലിക്കാരിയായാണ് ലക്ഷ്മിയെ നിയമിച്ചിരുന്നത്. 2025 ഓഗസ്റ്റ് 12-ന് മറിയം കുളിക്കാനായി കഴുത്തിലെ ആറ് പവൻ സ്വർണ്ണമാല ഊരിവെച്ച തക്കം നോക്കി ലക്ഷ്മി ഇത് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവം നടന്നതുമുതൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രതിയെ ഒല്ലൂർ ഭാഗത്ത് വെച്ച് പോലീസ് സംഘം പിടികൂടിയത്. തുടർന്ന് പ്രതിയെ പേരാമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിച്ചു.


