ചാലിശ്ശേരി :കുന്നത്തുപറമ്പ് സ്വദേശി സുഭാഷിന്റെ കുടുംബത്തിന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള നൽകിയ 10 ലക്ഷം രൂപയുടെ ധനസഹായം നോവുന്ന മനസ്സുകൾക്ക് വലിയൊരു കൈത്താങ്ങായി.
അസോസിയേഷന്റെ മലപ്പുറം ജില്ല കുന്നുംപുറം യൂണിറ്റ് അംഗമായിരുന്ന 47-കാരനായ സുഭാഷ് ദിവസങ്ങൾക്ക് മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോടും പ്രിയപ്പെട്ടവരോടും വിടപറഞ്ഞത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുഭാഷ്. സഹപ്രവർത്തകന്റെ വേർപാടിൽ തളർന്ന കുടുംബത്തെ ചേർത്തുപിടിക്കാൻ അസോസിയേഷൻ ഒട്ടും വൈകിയില്ല. സംഘടനയുടെ 'ലൈഫ് ലൈൻ' പദ്ധതിയിൽ ഉൾപ്പെടുത്തി സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കുന്നുംപുറം യൂണിറ്റ് ഭാരവാഹികൾ സുഭാഷിന്റെ വസതിയിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറി. കുന്നുംപുറം യൂണിറ്റ് പ്രസിഡന്റ് വി.പി. പ്രവീൺ, സെക്രട്ടറി എൻ. ലിജീഷ്, ട്രഷറർ പി. പ്രദീപ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് തുക കൈമാറിയത്.
കൂറ്റനാട് യൂണിറ്റ് ഭാരവാഹികൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, മാധ്യമപ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു.


