നാഗലശേരിയിൽ ജീവനം 2.0; കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിന് മെഗാ വാക്സിനേഷൻ ക്യാമ്പിന് തുടക്കം


 നാഗലശ്ശേരി: കന്നുകാലികളെ കുളമ്പുരോഗത്തിൽ നിന്ന് സംരക്ഷിച്ച് ക്ഷീരകർഷകരുടെ ഉപജീവനം കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജീവനം 2.0 കന്നുകാലി കുളമ്പുരോഗ പ്രതിരോധ വാക്സിനേഷൻ മെഗാ ക്യാമ്പയിന് തുടക്കമായി.


നാഗലശ്ശേരി മൃഗാശുപത്രിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി. നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ വെളിയംതടം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സുലൈഖ, വാർഡ് അംഗങ്ങളായ വിപിത, കെ. ജ്യോതി, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത, വെറ്റിനറി സർജൻ പ്രമോദ്, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ദിലീപ്, ആനിമൽ ഹസ്ബൻഡറി റിസോഴ്സ് പേഴ്സൺ ദിവ്യ ഇ.എം., ധന്യ ഇ., ശ്രീഷ ബി.പി. എന്നിവർ സംസാരിച്ചു.


ബ്ലോക്ക് കോർഡിനേറ്റർ ജിൻസി പദ്ധതിയുടെ വിശദീകരണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് മൃഗാശുപത്രിയിലെത്തിച്ച പശുക്കൾക്ക് കുളമ്പുരോഗ പ്രതിരോധ വാക്സിനും നൽകി.


ജൂലൈ 13 വരെ തുടരുന്ന മെഗാ ക്യാമ്പയിന്റെ ഭാഗമായി ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട എല്ലാ ക്ഷീരകർഷകർക്കും വാർഡ് തലത്തിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post