ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര സർക്കാർ. ഇ20 പെട്രോളിന്റെ ഉപയോഗം സംബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളും വാഹന നിർമാതാക്കളും ചേർന്ന് പഠനങ്ങൾ നടത്തിയിരുന്നു. ഇതിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെയോ, എഞ്ചിന്റെയോ ആയുസ് കുറക്കില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നീ കമ്പനികൾ സംയുക്തമായാണ് പഠനം നടത്തിയത്.
ഇ20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും എഞ്ചിനുകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ലെന്നും പഠനം വ്യക്തമാക്കുന്നതായി മന്ത്രി പാർലമെന്റിൽ അറിയിച്ചു.അതേസമയം, 2005 ഏപ്രിൽ 1 മുതൽ 2016-ന് മുമ്പ് നിർമ്മിച്ച ചില BS-III വാഹനങ്ങളിൽ റബർ ഭാഗങ്ങളോ ഗാസ്‌കറ്റുകളോ മാറ്റേണ്ടി വന്നേക്കാമെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ ഇത് വലിയ പ്രശ്നമല്ലെന്നും, പതിവ് സർവീസിന്റെ ഭാഗമായി ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റാനാകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


