കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി; മാതൃകയായി ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍


 തൃശൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ താമസിച്ച മുറിയില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാര്‍ മാതൃകയായി. ക്ഷേത്രം കിഴക്കേ നടയിലെ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ജീവനക്കാരാണ് സത്യസന്ധമായ സേവനത്തിന് ഉദാഹരണമായത്.


തലശ്ശേരി പാറാല്‍ വലിയ പറമ്പത്ത് അബിന്‍ വി പിയുടെ കുടുംബത്തിനാണ് നഷ്ടപ്പെട്ടെന്നു കരുതിയ സ്വര്‍ണമാല തിരികെ ലഭിച്ചത്. ജൂലൈ ആറാം തീയതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബം കൗസ്തുഭം വളപ്പിലെ സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ മുറിയെടുത്തു. ദര്‍ശനം പൂര്‍ത്തിയാക്കി ഏഴിന് പുലര്‍ച്ചെ മടങ്ങി. മുറി വൃത്തിയാക്കുന്നതിനിടെ ദേവസ്വം ജീവനക്കാരി സജിത വേണുഗോപാലിനാണ് കുളിമുറിയുടെ ഡോര്‍ ലോക്കില്‍ കൊളുത്തിയിട്ട നിലയില്‍ സ്വര്‍ണമാല കളഞ്ഞുകിട്ടിയത്.ഉടന്‍ കൗസ്തുഭം അസി.മാനേജര്‍ അനിതകുമാരിയെയും അതിഥി മന്ദിര ചുമതലയുള്ള ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ ഗീതയെയും വിവരം അറിയിച്ചു. തുടര്‍ന്ന് അതിഥികളുടെ താമസ രജിസ്റ്റര്‍ പരിശോധിച്ച് അബിന്‍ വിപിയെ വിവരം അറിയിച്ചു. അടയാളങ്ങള്‍ സഹിതം വ്യക്തമാക്കിയപ്പോള്‍ ഉടമ തന്നെയെന്ന് ഉറപ്പിച്ചു.


ലക്ഷങ്ങള്‍ വിലവരുന്ന മാല നഷ്ടപ്പെട്ട വേദനയിലായിരുന്ന ആ കുടുംബം ആഹ്‌ളാദത്തിലായി. തിരികെ ഗുരുവായൂരിലെത്തിയ കുടുംബത്തിന് ദേവസ്വം ജീവനക്കാരുടെ സാന്നിധ്യത്തില്‍ മാല തിരികെ നല്‍കി. ദേവസ്വത്തെയും ജീവനക്കാരെയും നന്ദിയും കടപ്പാടും സ്‌നേഹവും അറിയിച്ചായിരുന്നു കുടുംബത്തിന്റെ മടക്കം.

Post a Comment

Previous Post Next Post