കപ്പൂർ: തൃത്താല ബ്ലോക്കിലെ ഏഴ് വില്ലേജുകളിൽ നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സർവേയിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി കപ്പൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ധർണ ഉദ്ഘാടനം ചെയ്ത ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ, ഡിജിറ്റൽ സർവേയ്ക്കെതിരെയല്ല ബിജെപിയെന്നും എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങളോ മതിയായ സർവേയർമാരെയോ നിയോഗിക്കാതെയാണ് സർവേ ആരംഭിച്ചതെന്നും ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തൃത്താലയെ ആദ്യ ഡിജിറ്റൽ സർവേ നിയോജകമണ്ഡലമായി പ്രഖ്യാപിച്ചതെന്നും അതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിൽ പരിമിതമായ വില്ലേജുകളിലാണ് സർവേ ആരംഭിച്ചിട്ടുള്ളതെങ്കിലും തൃത്താലയിൽ മാത്രം ഏഴ് വില്ലേജുകളിലാണ് സർവേ നടക്കുന്നതെന്നും, വിഷയത്തിൽ എം.എൽ.എ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷവും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സർവേയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, കൂടുതൽ സർവേയർമാരെ നിയമിക്കുക, ഭൂനികുതി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സബ് ഡിവിഷന് വീണ്ടും ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കുക, ഡിജിറ്റൽ സർവേ പൂർത്തിയായ ഭൂമികളുടെ ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസിൽ ഗണ്യമായ കുറവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിച്ചത്.
ബിജെപി കപ്പൂർ സംഘടനാ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ടി.വി. അധ്യക്ഷത വഹിച്ചു. കെ. നാരായണൻകുട്ടി, കെ.സി. കുഞ്ഞൻ, രതീഷ് തണ്ണീർക്കോട്, പി. രാധാകൃഷ്ണൻ, വി.വി. നാരായണൻ, സന്ദീപ് പനാഞ്ചേരി, പി. ബാലചന്ദ്രൻ, എൻ.വി. ശശി, പി. ശ്രീനിവാസൻ, ടി.വി. സുധീർ എന്നിവർ സംസാരിച്ചു.


