തവനൂർ മണ്ഡലത്തിലെ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് പരിശോധിച്ച് സാങ്കേതിക വിദഗ്ധസംഘം ശാശ്വത പരിഹാരം വേണമെന്ന് വി.എസ്. ജോയ് എം.എൽ.എ.അപകടാവസ്ഥയിലായ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ വകുപ്പിന്റെ ചീഫ് എൻജിനീയർ ശ്രീദേവി പി.യുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധസംഘം പരിശോധിച്ചു. അഡ്വ. വി.എസ്. ജോയ് എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ലോക് കം ബ്രിഡ്ജും സംഘം സന്ദർശിച്ചു.
പരിശോധനയിൽ പാലത്തിന്റെ അഞ്ച് സ്പാനുകൾ പൂർണമായും തകർന്ന നിലയിലാണെന്നും തൂണുകൾക്ക് ഏകദേശം 52 സെന്റിമീറ്റർ വരെ താഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
മംഗലം ഗ്രാമപഞ്ചായത്തിലെ മംഗലത്തെയും കൂട്ടായിയെയും ബന്ധിപ്പിക്കുന്ന ഏക മാർഗമാണ് ഈ പാലം.
പാലം തകർന്നതിനെ തുടർന്ന് തീരദേശവാസികൾക്ക് മംഗലത്തെത്താൻ നിലവിൽ ഏകദേശം 15 കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്.
പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ഡബിൾ ലൈൻ പാലം നിർമിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സിംഗിൾ ലൈൻ ലോക് കം ബ്രിഡ്ജ് ഡബിൾ ലൈൻ പാലമാക്കി മാറ്റുന്നതിനായി എസ്റ്റിമേറ്റ് പുതുക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇറിഗേഷൻ ചീഫ് എൻജിനീയർ ശ്രീദേവി പി., മെക്കാനിക്കൽ ചീഫ് എൻജിനീയർ ബിജോയ് പി., ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ പ്രിയേഷ് ആർ., സൂപ്രണ്ടിംഗ് എൻജിനീയർ പ്രീതി പി.എച്ച്., കെ.ഇ.ആർ.ഐ ഡയറക്ടർ സുത എം.എസ്., എക്സിക്യൂട്ടീവ് എൻജിനീയർ പുഷ്പരാജൻ എന്നിവരടങ്ങിയ സാങ്കേതിക വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്.
മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല ടീച്ചർ, വൈസ് പ്രസിഡന്റ് എ.കെ. സലിം, എം. അബ്ദുല്ലക്കുട്ടി, സി.എം. പുരുഷോത്തമൻ മാസ്റ്റർ, അനിത കിഷോർ, സി.എം. ഹസ്സൻ അനീഷ്, വി.പി. മൊയ്ദീൻകോയ, സലാം താണിക്കാട്, സി.എം.ടി. സീതി, സലീം കൂട്ടായി എന്നിവർ പങ്കെടുത്തു.


