അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി


 തിരുവനന്തപുരം:അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താന്‍ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.


ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടന്‍ നിവിന്‍ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.


പ്രൊജക്റ്റ് സീറോ വലിയ തുടക്കമാണെന്ന് നിവിന്‍ പോളി പ്രതികരിച്ചു. നിയമത്തിന്റെ വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. നിയമത്തിലെ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി മാത്രമല്ല, വ്യക്തിയുടെ അവസരം നഷ്ടപ്പെടുത്തുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതിയാണ്. നേരായ വഴിയില്‍ സഞ്ചരിച്ചാല്‍ കാര്യമില്ല എന്നൊരു തോന്നലുണ്ട്. ഈ ധാരണ ആദ്യം മാറണമെന്നും മാറ്റങ്ങള്‍ തുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.


അനാവശ്യമായി പ്രോത്സാഹിപ്പിച്ച്‌ കുഴിയില്‍ ചാടിപ്പിക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറി നടക്കണം. പുതിയ തലമുറ ചോദ്യം ചെയ്യുന്നവരാണ്. പ്രതികരണശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണസംവിധാനത്തെ പടുത്തുയര്‍ത്താന്‍ കഴിയൂവെന്നും നിവിന്‍ പോളി പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന് നല്‍കിയ സ്വീകാര്യത പ്രൊജക്‌ട് സീറോയ്ക്കും നല്‍കണമെന്ന് മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post