കോഴിക്കോട് നഗരത്തിൽ ബീച്ച് ഫയർ സ്റ്റേഷൻ നിലനിർത്തണം: എം.ഡി.സി.


 കോഴിക്കോട് നഗരത്തിലെ അഗ്നിരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ ബീച്ച് ഫയർ സ്റ്റേഷൻ നഗരപരിധിയിൽ തന്നെ നിലനിർത്തണമെന്നും ഉയരമുള്ള കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്കൈ ലിഫ്റ്റ് സംവിധാനം അടിയന്തരമായി അനുവദിക്കണമെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ  ആവശ്യപ്പെട്ടു.



വാർത്താസമ്മേളനത്തിൽ സംസാരിച്ച ഭാരവാഹികൾ, പഴക്കമേറിയ കെട്ടിടം 2023 സെപ്റ്റംബറിൽ പൊളിച്ചുനീക്കിയെങ്കിലും പുതിയ ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. 


ഇതിനിടെ ബീച്ച് ഫയർ സ്റ്റേഷന്റെ ശേഷിക്കുന്ന യൂണിറ്റും ജീവനക്കാരെയും മീഞ്ചന്തയിലേക്ക് മാറ്റാനുള്ള നീക്കം നഗരത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.


മുമ്പ് കോർപ്പറേഷൻ സ്റ്റേഡിയം കെട്ടിടത്തിലോ കല്ലുത്താൻകടവ് ന്യൂ പാളയം മാർക്കറ്റിലോ താൽക്കാലിക ഫയർ സ്റ്റേഷൻ പ്രവർത്തിപ്പിക്കാമെന്ന നിർദേശവും, സ്വകാര്യ സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് സൗജന്യമായി താൽക്കാലിക കെട്ടിടം നിർമിച്ചു നൽകാമെന്ന സന്നദ്ധതയും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും എം.ഡി.സി. ആരോപിച്ചു.


ബീച്ച് ഫയർ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി അത് തുടർനടപടിക്കായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിക്ക് കൈമാറിയതിൽ പ്രതീക്ഷയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.


കോഴിക്കോട് നഗരത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ബീച്ച് ഫയർ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്താൻ നഗരസഭയും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.ഡി.സി. ആവശ്യപ്പെട്ടു.


വാർത്താസമ്മേളനത്തിൽ എം.ഡി.സി. പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, ഖജാൻജി എം.വി. കുഞ്ഞാമു ഹാജി, സെക്രട്ടറി പി.ഐ. അജയൻ, മധുജിത് കേലാട്ട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post