അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ കുന്നംകുളത്തെ ഫുട്ബോൾ പ്രേമികൾക്ക് ഇനി ടൗൺ ഹാളിൽ ഒന്നിച്ച് ആസ്വദിക്കാം. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മുതൽ പൊതുജനങ്ങൾക്കായി വലിയ സ്ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് കുന്നംകുളം നഗരസഭ അധികൃതർ അറിയിച്ചു. ജൂലൈ 10 വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നടക്കുന്ന ഫ്രാൻസ് — മൊറോക്കോ ആദ്യ ക്വാർട്ടർ പോരാട്ടത്തോടെയാണ് ടൗൺ ഹാളിലെ തത്സമയ പ്രദർശനം ആരംഭിക്കുന്നത്. വരും ദിവസങ്ങളിലെ പ്രധാന ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളെല്ലാം ഇത്തരത്തിൽ വലിയ സ്ക്രീനിൽ ആസ്വദിക്കാൻ നഗരസഭ സൗകര്യമൊരുക്കും. പൊതുജനങ്ങൾക്കായി പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഈ മത്സരങ്ങൾക്കൊപ്പം കായികപ്രേമികൾക്കായി ആവേശകരമായ പ്രവചന മത്സരങ്ങളും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്. ലോകകപ്പ് നേടുന്ന ടീം ഏത്, ഗോൾഡൻ ബൂട്ട് ആര് നേടും, ഗോൾഡൻ ഗ്ലൗസ് ആര് നേടും എന്നീ മൂന്ന് ചോദ്യങ്ങൾക്കാണ് കൃത്യമായ ഉത്തരം രേഖപ്പെടുത്തേണ്ടത്. ജൂലൈ 9 വ്യാഴാഴ്ച വൈകീട്ട് 3 മണി മുതൽ 5 മണി വരെ മാത്രമായിരിക്കും ഇതിനായി ഉത്തരങ്ങൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുക. ടൗൺ ഹാളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള പ്രവചന ബോക്സിൽ ഉത്തരങ്ങൾ എഴുതി സമർപ്പിക്കേണ്ടതാണ്. കൃത്യമായി പ്രവചിക്കുന്ന വിജയികൾക്ക് നഗരസഭയുടെ വകയായി ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. കുന്നംകുളത്തെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ കായികപ്രേമികളെയും ഈ ദൃശ്യവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി നഗരസഭാ ഭാരവാഹികൾ അറിയിച്ചു.


