അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍


 തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താല്‍ അന്നമനട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ മര്‍ദിക്കുകയും ഓഫീസിലെ ക്യാബിന്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ മാള പൊലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂര്‍ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടില്‍ കമലേഷ് (45), തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.ജൂലൈ 15 രാത്രി 11.55-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അര്‍ജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരം കാണാന്‍ തയ്യാറെടുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താല്‍ പ്രതികള്‍ അന്നമനട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറി വടികൊണ്ട് ക്യാബിന്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ജൂലൈ 16 പുലര്‍ച്ചെ 12.05-ഓടെ വീണ്ടും ഓഫീസിലെത്തിയ പ്രതികളോട് കാര്യമന്വേഷിച്ച ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലായിരുന്ന ഓപ്പറേറ്ററായ കുഴൂര്‍ പാറപ്പുറം സ്വദേശി കോട്ടായി വീട്ടില്‍ നിഥിന്‍ (37) എന്നയാളെ വടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.


ഓഫീസിലെ ക്യാബിന്‍ തകര്‍ത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. മാള പൊലീസ് സ്റ്റേഷന്‍ എസ് ഐ ഫൈസല്‍ കോറോത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (ഗ്രേഡ്) മാരായ വിനോദ് കെ എഫ്, ഷാരോണ്‍ കെ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post