കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്നാരോപിച്ച് അമ്മയുടെ കൈ തല്ലിയൊടിച്ചു; മകൻ അറസ്റ്റിൽ


 വാടാനപ്പള്ളി: വയോധികയായ മാതാവിനെ ക്രൂരമായി ആക്രമിച്ച് ഇടത് കൈ തല്ലിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശിനി തുളസി (71) എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ മനോജിനെ (46) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 2026 ജൂലൈ 6-ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജിന്റെ കുടുംബത്തിന് ഉണ്ടായ ദുരിതങ്ങൾക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലുള്ള തറവാട് വീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് താഴെയിടുകയും, കൈകൾ കൊണ്ട് മർദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കൂടാതെ, ഇടത് കൈ പിടിച്ച് തിരിച്ച് ഒടിക്കുകയും, അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. മനോജ് 2025 വർഷം വീട്ടിൽ വച്ച് വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും, 2024 വർഷം വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലും പ്രതിയാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ലാൽസൻ, എ എസ് ഐ കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post