ആലുങ്കൽ പാലം: താൽക്കാലിക നടപ്പാലം തുറന്നു നൽകി


 വേലൂർ - എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് നേരത്തെയുണ്ടായിരുന്ന താൽക്കാലിക സംവിധാനം ഉപയോഗശൂന്യമായിരുന്നു.

പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിരമായി നടപ്പാലം നിർമ്മിക്കണമെന്ന് എം.എൽ.എ നിയമസഭയിൽ ആവശ്യമുന്നയിക്കുകയും ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് പുതിയ നടപ്പാലം പണിപൂർത്തിയാക്കിയത്.

2023-24 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.6 കോടി രൂപയുടെ അടങ്കലിലാണ് ആലുങ്കൽ പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് ആസ്ഥാനമായുള്ള സെൽമെക് എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻസ് കമ്പനിയാണ് 4.48 കോടി രൂപയ്ക്ക് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. പുതിയ പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

ചടങ്ങിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post