ആളൂർ: ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ പൊലീസ് സംഘം സമയോചിതമായി ഇടപ്പെട്ട് ആശുപത്രിയിലെത്തിച്ചു. പൂക്കാട്ടുപടി മരോട്ടിക്കൽ വീട്ടിൽ ഇക്ബാൽ (61) ആണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പുറത്തേക്ക് വീണത്.സംഭവമറിഞ്ഞ ഉടൻ തന്നെ മേഖലയിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എസ്ഐ ജയ്‌സൺ, സിപിഒ-മാരായ രാകേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് റെയിൽവേ ലൈനിന് സമീപം മിന്നൽ തിരച്ചിൽ നടത്തിയത്. പൊലീസിന്റെ പെട്ടെന്നുള്ള തെരച്ചിലിൽ ചോരവാർന്ന നിലയിൽ കിടന്നിരുന്ന ഇക്ബാലിനെ കണ്ടെത്താനായി.
ഇയാളെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലുള്ള ഇക്ബാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാൾ സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.


