മാല മോഷ്ടിച്ചു എന്നാരോപിച്ച് സഹോദരിയെ തല്ലിച്ചതച്ചു; പൊലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്


 കൊച്ചി: മാല മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. പറവൂർ നന്ദികുളങ്ങരയിൽ ആണ് സംഭവം. യുവതിയെ മർദ്ദിച്ച സഹോദരനും, ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.


യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സ്വത്ത് വീതം വെച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. വീതം വെപ്പിന്റെ ഭാ​ഗമായി ജയ്സൺ, സഹോദിക്ക് ഒരു ലക്ഷം രൂപ കൊടുക്കേണ്ടതാണ്. ഈ പണം സഹോദരി പലവട്ടം ആവശ്യപ്പെട്ടിരുന്നു.


ഇതിനിടെയാണ് ജയ്സണിന്റെ മാല മോഷണം പോയതായി ആരോപണം ഉയർന്നത്. മാല മോഷണം പോയതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടാകുകയും ചെയ്തു. മാല താനെടുത്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും സഹോദരനും ഭാര്യയും അതു കൂട്ടാക്കിയില്ല. തുടർന്ന് മാല മോഷണക്കാര്യം പൊലീസിനെ അറിയിക്കാമെന്ന് സഹോദരി പറഞ്ഞു


പൊലീസ് സ്റ്റേഷനിൽ പോകാനായി കൂട്ടുകാരിയെ വിളിച്ചു വരുത്തിയപ്പോഴാണ് ഇരുവരും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. കൂട്ടുകാരിയാണ് മർദ്ദനദൃശ്യം മൊബൈലിൽ പകർത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസെടുത്തപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തുവരുന്നത്.


മോഷണം പോയെന്ന് പറഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ച മാല മുക്കുപണ്ടം ആണെന്ന് പൊലീസ് കണ്ടെത്തി. സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ നൽകാതിരിക്കാൻ ഉള്ള വ്യാജ പരാതി ഉണ്ടാക്കാനാണ് ഇവർ ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post