കൂറ്റനാട്: അനുദിനം വികസിച്ചുവരുന്ന കൂറ്റനാടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കയ്യേറ്റങ്ങൾ ഒഴിവാക്കി ടൗൺ നവീകരണ പദ്ധതി നടപ്പാക്കണമെന്ന് ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൃത്താല ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
മുൻ എൽ.ഡി.എഫ് സർക്കാർ കൂറ്റനാട് ടൗൺ വികസനത്തിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലിനെ തുടർന്ന് പദ്ധതി മുടങ്ങിയതായി സമ്മേളനം അഭിപ്രായപ്പെട്ടു.
നാഗലശ്ശേരി സഹകരണ ബാങ്ക് ഹാളിലെ പി. വേണു മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി എം.കെ. പ്രദീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി പി.ആർ. കുഞ്ഞുണ്ണി, എം.പി. കൃഷ്ണൻ, എം. ബാലൻ, വി.എസ്. ശിവാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം. ബാലൻ (പ്രസിഡന്റ്), ടി.പി. മുഹമ്മദ്, ടി.എം. ജയപ്രകാശ്, പി.എം. നാരായണൻകുട്ടി, കെ. രവീന്ദ്രനാഥൻ (വൈസ് പ്രസിഡന്റുമാർ), എം.കെ. പ്രദീപ് (സെക്രട്ടറി), എം.പി. കൃഷ്ണൻ, വി.എസ്. ശിവാസ്, സി.എം. മനോമോഹനൻ, കെ.വി. സിദ്ധിഖുൽ അക്ബർ (ജോയിന്റ് സെക്രട്ടറിമാർ), എൻ.ഐ. തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു


