16 മാസത്തിനകം 23,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ; ജൽജീവൻ പദ്ധതി വേഗത്തിലാക്കും.
തൃപ്രങ്ങോട്, പുറത്തൂർ, മംഗലം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജൽജീവൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
വർഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതിക്ക് വേഗം നൽകുന്നതിനായി മുടങ്ങിക്കിടന്ന ഫണ്ട് അടിയന്തരമായി അനുവദിച്ചതടക്കമുള്ള സർക്കാർ ഇടപെടലുകളും പഞ്ചായത്തുകളുടെ ഏകോപനവും പദ്ധതിയുടെ പുരോഗതിക്ക് സഹായകമായതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡ്, വൈദ്യുതി തുടങ്ങിയ തടസ്സങ്ങളും എം.എൽ.എയുടെ ഇടപെടലിലൂടെ പരിഹരിച്ചതായും അറിയിച്ചു.
16 മാസത്തിനകം 23,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യോഗത്തിൽ ധാരണയായി. വീടുകളിലേക്ക് വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് പഞ്ചായത്തുകളിലും വിപുലമായ യോഗങ്ങൾ ചേരാനും തീരുമാനിച്ചു.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം അഡ്വ. വി.എസ്. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ, റംല ടീച്ചർ, ജസ്‌ന ഭാനു, വൈസ് പ്രസിഡന്റുമാരായ എ.കെ. സലീം, പ്രഭാകരൻ പുറത്തൂർ, വി.പി. ഫൗസിയ, ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ്, മുസ്തഫ ഹാജി, അഷ്‌റഫ് ചെമ്മല തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് ശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.


