നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 160-ലധികം പേർക്ക് ദാരുണാന്ത്യം എന്ന് റിപ്പോർട്ട്. 133 ഇന്ത്യക്കാരടക്കം നാനൂറിലധികം പേരെ കാണാതായിട്ടുണ്ട്. റസുവ, നുവാകോട്ട്, ധാദിങ് ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങളെയും ജലവൈദ്യുത പദ്ധതികളെയും ദുരന്തം പൂർണ്ണമായി തകർത്തു. സ്ഥിതിഗതികൾ നേരിടാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിൽ 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ദുരന്തമേഖലയിലേക്ക് അയക്കുകയും എൻ.ഡി.ആർ.എഫ് സംഘത്തെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഹെൽപ്പ്‌ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കേരള സർക്കാർ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. അതേസമയം പ്രളയ ഭീഷണി ഉള്ളതിനാൽ അതിർത്തി സംസ്ഥാനങ്ങളായ ബീഹാറും ഉത്തർപ്രദേശും അതീവ ജാഗ്രതയിലാണ്.
ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ, സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. നിരവധി ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയി. വളരെ വലിയ പാലങ്ങൾ തകർന്നു. അണക്കെട്ടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. കൈലാസ യാത്രയ്‌ക്കും മറ്റും പോയ തീർത്ഥാടകരാണ് കാണാതായ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്.


