1990-91എസ്.എസ്.എൽ.സി. ബാച്ചിന്റെ സൗഹൃദക്കൂട്ടായ്മ ഗീതക്ക് സ്വന്തം വീടൊരുക്കി;സ്വപ്നഭവനത്തിൻ്റെ പാലുകാച്ചൽ ഇന്ന്


 തൃശൂർ: സൗഹൃദം കാലത്തിനൊപ്പം മങ്ങിപ്പോകുന്നതല്ലെന്നും, കരുതലായി മാറുമ്പോഴാണ് അതിന്റെ യഥാർഥ അർഥം പൂർണമാകുന്നതെന്നും തെളിയിച്ച് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ 1990–91 എസ്.എസ്.എൽ.സി. ബാച്ചിലെ കൂട്ടുകാർ. സഹപാഠിയായ ഗീത വിശ്വനാഥനും കുടുംബത്തിനുമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും.


കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച മറിയം ത്രേസ്യയുടെ അന്ത്യവിശ്രമസ്ഥലമായ പുത്തൻചിറ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ പൂർവവിദ്യാർഥിനികളുടെ സൗഹൃദവും സഹജീവിസ്നേഹവും ചേർന്നപ്പോൾ ഗീതയുടെ വർഷങ്ങളായുള്ള സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് യാഥാർഥ്യമായത്.


2024 ഡിസംബറിൽ വർഷങ്ങൾക്കുശേഷം കൂട്ടുകാർ ഒത്തുചേർന്നപ്പോഴാണ് സ്വന്തമായി വീടില്ലാതെ ഭർത്താവും മകനുമൊത്ത് പ്രയാസകരമായ സാഹചര്യത്തിൽ കഴിയുന്ന ഗീതയുടെ ജീവിതാവസ്ഥ സുഹൃത്തുക്കൾ മനസ്സിലാക്കിയത്. ഗീതയ്ക്കായി ഒരു വീട് നിർമിച്ചുനൽകണമെന്ന ആശയം അവിടെ നിന്നാണ് ഉയർന്നത്.


തുടർന്ന് റിനി ജോസി, ജീമോൾ കമറുദ്ദീൻ, മിനി ബിനോയ് എന്നിവർ നേതൃത്വം ഏറ്റെടുത്തു. ബാച്ചിലെ നൂറിലധികം വരുന്ന കൂട്ടുകാർ ഒരേ മനസ്സോടെ സംരംഭത്തിനൊപ്പം നിന്നതോടെ സ്വപ്നഭവനത്തിന്റെ നിർമാണത്തിന് തുടക്കമായി.


100 രൂപ മുതൽ 10,000 രൂപ വരെ ഓരോരുത്തരും തങ്ങളാൽ കഴിയുന്ന തുക സംഭാവനയായി നൽകി. ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ വീടിന്റെ നിർമാണം പൂർത്തിയാക്കി. ഗീതയുടെ ബന്ധു സൗജന്യമായി നൽകിയ സ്ഥലത്ത് തുടർച്ചയായ 170 ദിവസം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തീകരിച്ചത്.


വീട് നിർമാണത്തിന് വിലമതിക്കാനാകാത്ത പിന്തുണ നൽകിയത് കോൺട്രാക്ടർ സോജി ജോസാണ്. യാതൊരു ലാഭവിഹിതവും പ്രതീക്ഷിക്കാതെ നിർമാണം ഏറ്റെടുത്ത അദ്ദേഹം വീട് മനോഹരമായി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ നിസ്വാർഥമായ സഹകരണവും സംരംഭത്തിന്റെ വിജയത്തിൽ നിർണായകമായി.


കാലം പലരെയും പല വഴികളിലേക്ക് കൊണ്ടുപോയെങ്കിലും വർഷങ്ങൾക്കുശേഷവും കാത്തുസൂക്ഷിച്ച സൗഹൃദം ഒരു സഹപാഠിയുടെ ജീവിതത്തിലെ വലിയ സ്വപ്നത്തിന് കരുത്തായി മാറുകയായിരുന്നു. ഓർമകളിൽ മാത്രം ഒതുങ്ങുന്നതല്ല സൗഹൃദമെന്നും, അത് കരുതലും കൈത്താങ്ങുമായി മാറുമ്പോഴാണ് അതിന്റെ യഥാർഥ അർഥം പൂർണമാകുന്നതെന്നും തെളിയിച്ചിരിക്കുകയാണ് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ 1990–91 എസ്.എസ്.എൽ.സി. ബാച്ചിലെ പെൺകൂട്ടായ്മ.

Post a Comment

Previous Post Next Post