സ്വർണത്തിൽ തീക്കുതിപ്പ്, ഒറ്റയടിക്ക് 3160 രൂപയുടെ വർധന


 സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. പവൻ വിലയിൽ ഒറ്റയടിക്ക് കുതിച്ചത് 3160 രൂപ. 1,16,800 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് 395 രൂപ വർധിച്ച് 14,600 രൂപയിലെത്തി. കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര സ്വർണവില ഔൺസിന് 4500 ഡോളർ കടന്നു കുതിച്ചതോടെയാണ് കേരളത്തിലും വില മാറ്റം. 


10-30 വർഷം വരെ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നത് (ബയ് ബാക്ക്) ഇരട്ടിയാക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് കടപത്രങ്ങളുടെ പലിശ (യീൽഡ്) റെക്കോർഡിലേക്ക് ഉയർന്നതിനു പിന്നാലെയാണ് കേന്ദ്രബാങ്കിന്റെ ഇടപെടൽ. കടപത്ര വിപണിയിലെ അടിയന്തര ഇടപെടൽ അടുത്ത മാസങ്ങളിൽ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിലേക്കില്ലെന്ന സൂചനയാണ് നിക്ഷേപകർക്ക് നൽകിയത്. 


ഇതോടെ ട്രഷറി ബോണ്ടുകളുടെ വില ഉയർന്നു. ബോണ്ട് യീൽഡ് കുറഞ്ഞു. അമേരിക്കൻ ഡോളർ സൂചിക മൂന്നു മാസത്തെ താഴ്ന്ന നിലയിലെത്തി. പിന്നാലെ സ്വർണവിപണി ആവേശത്തിലായി. ഇന്നലെ 4.35 ശതമാനം കയറിയ സ്വർണവില ഔൺസിന് 4523 ഡോളറിലെത്തി. ജൂണിനു ശേഷം ആദ്യമായാണ് വില 4500 കടക്കുന്നത്. ഇന്ന് വില താഴ്ന്ന് 4472 ഡോളർ വരെ എത്തിയെങ്കിലും ഇപ്പോൾ 4497 ഡോളറിലാണ് വിൽപന. 


അതേസമയം, ഇന്നലെ പുറത്തു വന്ന അമേരിക്കൻ പണനയ യോഗ സമിതിയുടെ മിനിറ്റ്സ് അടിസ്ഥാന പലിശ നിരക്ക് വർധനയെക്കുറിച്ചുള്ള ചർച്ചകളും സജീവമാക്കി. അമേരിക്കൻ വിലക്കയറ്റം കേന്ദ്രബാങ്കിന്റെ സഹനപരിധിയായ 2 ശതമാനത്തിൽ താഴെ നിന്നില്ലെങ്കിൽ പലിശ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നാണ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) അംഗങ്ങളുടെ അഭിപ്രായം.


അടുത്ത മാസത്തെ യോഗത്തിൽ അടിസ്ഥാന പലിശ ഇപ്പോഴത്തെ നിരക്കിൽ നിലനിർത്തുമെന്നാണ് 67 ശതമാനം നിക്ഷേപകരും കരുതുന്നത്. എന്നാൽ 32 ശതമാനം പേർ നിരക്ക് വർധനയുണ്ടാകുമെന്നും വിശ്വസിക്കുന്നു. സെപ്റ്റംബർ 15-16 ദിവസങ്ങളിലാണ് അടുത്ത പണനയ യോഗം. ഇതിൽ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചാൽ സ്വർണവില കുത്തനെ ഇടിയുമെന്നും വിദഗ്ധർ പറയുന്നു. ഇനി പുറത്തു വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ, ഉപഭോഗ കണക്കുകൾ നിർണായകമാകും. 


കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയിലെത്തി. പുതുക്കിയ വിലയിൽ ഒരു പവൻ സ്വർണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും സഹിതം 1.32 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഓണക്കാലത്ത് സ്വർണം വാങ്ങാൻ ഇരുന്നവർക്ക് തിരിച്ചടിയാണിത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് 3-30 ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. മൂന്നു ശതമാനം നികുതിയും ഹോൾമാർക്കിങ് ചാർജും നികുതിയും ചേർത്ത് 53.5 രൂപയും വിലയിൽ ബാധകമാണ്. ഗ്രാമിന് 255 രൂപയിലാണ് കേരളത്തിലെ വെള്ളി വ്യാപാരം.

Post a Comment

Previous Post Next Post