എടപ്പാൾ: വിവിധ മേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരും പ്രൊഫഷണലുകളും ഒത്തുചേർന്ന പ്രതിഭാസംഗമം നടുവട്ടം പിലാക്കൽ മഹല്ലിന്റെ സാമൂഹിക മുന്നേറ്റത്തിന് പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കി.
മഹല്ലിലെ വിദ്യാസമ്പന്നരുടെ അറിവും കഴിവും അനുഭവസമ്പത്തും ക്രോഡീകരിച്ച് വരുംകാല പുരോഗതിക്കായി ബൃഹത് പദ്ധതികൾ ആവിഷ്‌കരിക്കാൻ സംഗമത്തിൽ തീരുമാനമായി.
നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ മഹല്ല് നിവാസികളായ ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, ഐ.ടി. പ്രൊഫഷനലുകൾ, എഴുത്തുകാർ, വ്യാപാര പ്രമുഖർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ മുതൽ വയോജനങ്ങൾ വരെയുള്ള വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ദീർഘകാല പദ്ധതികൾക്ക് രൂപം നൽകുകയാണ് ലക്ഷ്യം.
ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാർഷികം, സംരംഭകത്വം, വ്യാപാരം, പ്രവാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അറിവും ആശയങ്ങളും ഒരുമിപ്പിച്ച് സമൂഹത്തിലെ വിവിധ ജീവിത മേഖലകളിലുള്ളവർക്ക് വഴികാട്ടിയാകുന്ന പദ്ധതികൾ നടപ്പാക്കുന്നതിനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
മഹല്ല് വൈസ് പ്രസിഡന്റ് കെ. മമ്മി സാഹിബിന്റെ അധ്യക്ഷതയിൽ ഇബ്രാഹീം മൂതൂർ വിഷയമവതരിപ്പിച്ചു. മഹല്ല് ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് യൂസുഫ്, കെ. കുഞ്ഞിമോൻ, ടി. സുലൈമാൻ, ഡോ. പി.എം. റഫീഖ്, ഡോ. മൻസൂർ, ഡോ. ഷംനാസ്, ഇബ്രാഹീംകുട്ടി മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, ഹനീഫ മാസ്റ്റർ, ഉബൈദ് മാസ്റ്റർ, സി.വി. ഇബ്രാഹീം മാസ്റ്റർ, എൻജിനീയർ സി.വി. ഗഫൂർ, എം. ഇഖ്‌ബാൽ, കെ.വി. സഗീർ, ടി.സി. സക്കീർ തുടങ്ങിയവർ സംസാരിച്ചു.
മഹല്ല് സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ ടി.സി. മൊയ്തീൻ സ്വാഗതവും ടി. ജുനൈദ് നന്ദിയും പറഞ്ഞു.


