കുന്നംകുളത്ത് കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ


 കുന്നംകുളം:അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. പെരുമ്പാവൂർ മരംപള്ളി സ്വദേശിയായ 29 വയസ്സുള്ള ശ്രീക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.

ജൂലൈ 30-ന് വൈകുന്നേരം 5.30-നും ജൂലൈ 31-നും രാവിലെ 8.30-നും ഇടയിലുള്ള സമയത്തായിരുന്നു അക്കിക്കാവ് പന്നിത്തടം റോഡിലെ നിർമ്മാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ സ്ഥലത്തെ രണ്ടാമത്തെ നിലയുടെ വാർപ്പ് കഴിഞ്ഞ് താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 ഇരുമ്പ് ഷീറ്റുകൾ, മൂന്ന് സ്പാനുകൾ, ഒരു സോളാർ ക്യാമറ എന്നിവയാണ് മോഷണം പോയത്. സംഭവത്തിൽ ഏകദേശം 3,65,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പരാതിയെ തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്പെക്ടർ ശരത്ത് സോമൻ, സബ് ഇൻസ്പെക്ടർ കെ. ശശി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post