കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് അത്‌ലറ്റിക് മീറ്റ് 2026-ൽ 165 പോയിന്റുമായി ബി.വി.ബി വിദ്യാമന്ദിർ എരവിമംഗലം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 140 പോയിന്റ് നേടിയ കെ.എം.ബി വിദ്യാമന്ദിർ പോട്ടൂർ രണ്ടാം സ്ഥാനവും 130 പോയിന്റുമായി തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി.
അത്‌ലറ്റിക് മീറ്റിൻ്റെ ഇന്ന് വൈകിട്ട് നടന്ന സമാപനച്ചടങ്ങ് കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുന്നംകുളം എ.സി.പി സാജു കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. SSCT വേദി ഡെപ്യൂട്ടി കൺവീനറും ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഷാനു ജോഫി സ്വാഗതം പറഞ്ഞു.
ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം SSCT എക്സിക്യൂട്ടീവ് അംഗവും ചിന്മയ വിദ്യാലയ കോലഴി പ്രിൻസിപ്പലുമായ ബിനി .എം നിർവഹിച്ചു.
മേളയിലെ വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് കുന്നംകുളം എ.സി.പി സാജു കെ എബ്രഹാം ട്രോഫികൾ വിതരണം ചെയ്തു.
തൃശ്ശൂർ അതലറ്റിക് അസോസിയേഷൻ സെക്രട്ടറിയായ ഡോ ഹരിദയാൽ കെ എസ് ആശംസകൾ നേർന്നു. .ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്കൂൾ മാനേജർ റവ. ഫാ. സെൽജോ വെളിയന്നൂക്കാരൻ സി.എം.ഐ, SSCT വേദി കൺവീനറും ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്കൂൾ പ്രിൻസിപ്പലുമായ റവ ഫാ ഡോ ജോസ് താണിക്കൽ സി എം. ഐ., ബോയ്സ് സ്കൂൾ കായിക അധ്യാപകൻ ശ്രീനേഷ് എന്നിവർ സന്നിഹിതരായി.


