വ്യാപാരിയെ മർദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം വ്യാപാരി വ്യവസായി സമിതി

കൂറ്റനാട്: കൂറ്റനാട് സെന്ററിൽ അസ് ലാം ഫ്രൂട്ട്സ് നടത്തുന്ന ചെറുകിട വ്യാപാരി അക്ബർ ഷാനെ കെട്ടിട ഉടമയും സഹോദരങ്ങളുമായ ഗഫൂർ, അസീസ്, ഷമീർ എന്നിവർ കടയിൽ അതിക്രമിച്ച് കയറി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ കമ്മിറ്റിയും കൂറ്റനാട് യൂണിറ്റ് കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യാതൊരു പ്രകോപനവുമില്ലാതെ കടയിൽ അതിക്രമിച്ച് കയറിയ സംഘം മാരകായുധങ്ങളുമായി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായാണ് സമിതി ആരോപിക്കുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പോലീസ് നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.കൂറ്റനാട് വ്യാപാരി സമിതി ഓഫീസിൽ ചേർന്ന യോഗം തൃത്താല ഏരിയ സെക്രട്ടറി കെ.പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. വിജയൻ അധ്യക്ഷനായി. രേവതി വേണു, എം. പ്രദീപ്, കെ. ഗിരീഷ് ഡാലിയ, എസ്.കെ. രഘു, ആനന്ദ് രാജ് അനസ്, എം.വി. ശശിധരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post