പൊന്നാനി :എഡിബി–സംസ്ഥാന സർക്കാർ സംയുക്ത കടൽഭിത്തി നിർമാണ പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥ സംഘം പൊന്നാനി തീരദേശത്ത് സന്ദർശനം നടത്തി. കെ.പി. നൗഷാദ് അലി എംഎൽഎയുടെ നേതൃത്വത്തിൽ കാപ്പിരിക്കാട്, പാലപ്പെട്ടി ഖബർസ്ഥാൻ, വെളിയങ്കോട് ഹാച്ചറി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, ലൈറ്റ് ഹൗസ് എന്നിവിടങ്ങൾ സംഘം വിലയിരുത്തി.
70:30 അനുപാതത്തിലാണ് എഡിബിയും സംസ്ഥാന സർക്കാരും പദ്ധതിച്ചെലവ് വഹിക്കുക. 4,200 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2,000 കോടി രൂപ എഡിബി വിഹിതവും 600 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. ആദ്യഘട്ടത്തിൽ പരിഗണിക്കുന്ന ആറ് പദ്ധതികളിൽ പൊന്നാനിയും ഉൾപ്പെടും.
ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള മിഷൻ ഡയറക്ടറേറ്റാണ് പദ്ധതി നിർവഹിക്കുന്നത്. സംസ്ഥാന സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഭരണാനുമതി വൈകിപ്പിച്ചെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ ഇടപെടുമെന്ന് എംഎൽഎ അറിയിച്ചു. എഡിബി, മിഷൻ ഡയറക്ടറേറ്റ്, ഇറിഗേഷൻ, കോസ്റ്റൽ എൻജിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപതംഗ സംഘമാണ് സന്ദർശനം നടത്തിയത്.


