ചങ്ങരംകുളം മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബര്‍ 11ന് തുടക്കം


 ചങ്ങരംകുളം:ദക്ഷിണ മൂകാംബികയായി അറിയപ്പെടുന്ന മൂക്കുതല ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.


ഒക്ടോബർ 11 ന് വൈകീട്ട് 4.30 ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാൻ ബേബി ശങ്കർ അധ്യക്ഷത വഹിക്കും.


11 ദിവസങ്ങളിലായി ആയിരത്തോളം കലാകാരന്മാർ ക്ഷേത്രത്തിൽ കലാപരിപാടികൾ അവതരിപ്പിക്കും. ആദിത്യദേവ്, കലാമണ്ഡലം ഈശ്വരനുണ്ണി, വിശേഷ് സാമിനാഥൻ, വിനീത നെടുങ്ങാടി, ചെക്കോട് ഹംസുബ്രഹ്മണ്യം, മാതങ്കി സത്യമൂർത്തി തുടങ്ങിയ പ്രമുഖരുടെ സംഗീത-നൃത്ത പരിപാടികൾ, നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേറും.


എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകീട്ട് 6 വരെ സമൂഹ വേദജപം, ദേവീമാഹാത്മ്യ പാരായണം, നാരായണീയ പാരായണം, സംഗീതാർച്ചന എന്നിവ ഉണ്ടാകും. 20, 21 തീയതികളിൽ നൃത്താർച്ചനയും തിരുവാതിരക്കളിയും ഉണ്ടാകും. മഹാനവമി നാളിൽ പഞ്ചരത്ന-നവാവരണ കീർത്തനാലാപനവും വിജയദശമി നാളിൽ രാവിലെ 6.30 മുതൽ വിദ്യാരംഭവും നടക്കും.


ഭക്തർക്ക് എല്ലാ ദിവസവും പ്രഭാത ഭക്ഷണവും അന്നദാനവും ഉണ്ടായിരിക്കും.ദേവസ്വം ചെയർമാൻ വത്സലൻ കെ.പി,ട്രസ്റ്റി ബോർഡ് അംഗം സുരേഷ് കണ്ടംപുള്ളി,പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എൻ. കൃഷ്ണമൂർത്തി, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.വി. സേതുമാധവൻ, സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post