തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു. ശക്തമായ സമരപരിപാടികളെ തുടർന്നാണ് തീരുമാനമായത്. മന്ത്രി പികെ ബഷീറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഗതാഗത കുരുക്കുണ്ടാകുമെന്ന് എസ്പിയും കളക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഒരാഴ്ചക്കകം സർവകക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കും
പൂർത്തിയാകാത്ത ദേശീയപാതയിൽ ടോൾ പിരിക്കാൻ ഉള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതു കക്ഷികളും കോൺഗ്രസും അടക്കം രാഷ്ട്രീയകക്ഷികൾ സമര രംഗത്ത് ഇറങ്ങിയിരുന്നു. പാലം പണികളും റോഡിൻറെ പൂർത്തീകരണവും ബാക്കിയിരിക്കെ ടോൾ പിരിവ് തുടങ്ങാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം ശക്തമായ എതിർപ്പാണ് ഉയർത്തിയത്.ടോൾ പ്ലാസയിലേക്ക് യുഡിഎഫ് നടത്തിയ ഉപരോധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു. തീരദേശ ദേശീയപാതയുടെ ഭാഗമായ നാട്ടികയിൽ റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സമരക്കാർ സ്വീകരിച്ചത്. വ്യാഴാഴ്ച മുതൽ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണ് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധം തീർത്തത്. ഉപരോധം നീക്കാൻ പൊലീസ് നടത്തിയ നീക്കങ്ങൾക്കിടെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്.ദേശീയപാത നിർമ്മാണം പാതിവഴിയിൽ നിൽക്കെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധത്തിലാണ്. സിപിഎമ്മിൻറെയും സിപിഐയുടെയും നേതൃത്വത്തിൽ നേരത്തെ തന്നെ പ്രതിഷേധ മാർച്ചും മറ്റും നടന്നിരുന്നു. സമരം മുന്നിൽക്കണ്ട് അതിരാവിലെ മുതൽ തന്നെ നാട്ടിക ടോൾ പ്ലാസ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.


