ഇടിമിന്നലേറ്റ് പ്രവർത്തനരഹിതമായ സർവർ ശരിയാക്കിയില്ല: കാലിക്കറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

ഇടിമിന്നലേറ്റ് തകരാറിലായ സര്‍വര്‍ ശരിയാക്കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍വര്‍ തകരാറിലായതോടെ ചോദ്യപേപ്പര്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. അതേസമയം ഇന്റേണല്‍,പ്രാക്ടിക്കല്‍ ,വൈവേ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിലാണ് യൂണിവേഴ്‌സിറ്റിയിലെ സര്‍വര്‍ തകരാറിലായത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post