വി. മൂറോൻ കൂദാശ; ബസ്ഗാശ മുറി കൂദാശ ചെയ്തു

പുത്തൻകുരിശ് :ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ മലങ്കരയിൽ നടത്തപ്പെടുന്ന വി. മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 4 ഞായറാഴ്ച പുത്തൻകുരിശ് സഭാസ്ഥാനത്ത് സജ്ജീകരിച്ച ബസ്ഗാശ മുറിയുടെ കൂദാശ സഭയുടെ പ്രാദേശിക അധ്യക്ഷനും, ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ കോർ എപ്പിസ്കോപ്പന്മാർ, ബഹുമാനപ്പെട്ട വൈദികർ, സഭാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


2004 സെപ്റ്റംബർ 25ന് ശേഷം മലങ്കരയിൽ നടക്കുന്ന വി. മൂറോൻ കൂദാശ എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. 2026 നവംബർ 13 വെള്ളിയാഴ്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലാണ് വി. മൂറോൻ കൂദാശ നടത്തപ്പെടുന്നത്. പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ ആദ്യമായി വി. മൂറോൻ കൂദാശ നിർവഹിച്ച 1876-ലെ മുളന്തുരുത്തി ചരിത്രസംഭവത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ കൂദാശ ക്രമീകരിച്ചിരിക്കുന്നത്.


വി. മൂറോൻ കൂദാശയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പുത്തൻകുരിശ് സഭാസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന ബസ്കാശ മുറി പ്രധാന വേദിയായി പ്രവർത്തിക്കും.

 

Post a Comment

Previous Post Next Post