മൂക്കുതല ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി സംഗീത സാന്ദ്രമായി


മൂക്കുതല: ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനത്തിൽ സരസ്വതി മണ്ഡപത്തിൽ സംഗീതസന്ധ്യ അരങ്ങേറി. സുപ്രസിദ്ധ സംഗീതജ്ഞനും ശൃംഗേരി മഠം ആസ്ഥാന വിദ്വാനുമായ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിച്ച സംഗീതകച്ചേരി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രദ്ധേയമായി.

ദീപാരാധനയ്ക്കുശേഷം ആരംഭിച്ച കച്ചേരി ഏറെ വൈകിയാണ് സമാപിച്ചത്. സംഗീതാസ്വാദകരും ഭക്തജനങ്ങളുമടക്കം നിരവധി പേരാണ് കച്ചേരി ശ്രവിക്കാൻ ക്ഷേത്രസന്നിധിയിലെത്തിയത്.

മൂക്കുതല ക്ഷേത്രത്തിൽ കഴിഞ്ഞ 16 വർഷമായി സ്ഥിരമായി സംഗീതകച്ചേരി അവതരിപ്പിച്ചുവരുന്നതായി ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം പറഞ്ഞു. മൂക്കുതല കാവിലെ അമ്മയുടെ അനുഗ്രഹമാണ് ഓരോ തവണയും ഇവിടെ സംഗീതം അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയലിനിൽ മാഞ്ഞൂർ രഞ്ജിത്തും മൃദംഗത്തിൽ ഡോ. കെ. ജയൻ കൃഷ്ണനും ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റന്നൂരും അദ്ദേഹത്തിന് പക്കമേളമൊരുക്കി.

കച്ചേരി അവതരിപ്പിച്ച ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യന് ക്ഷേത്ര കമ്മിറ്റി ഉപഹാരം ദേവസ്വം ചെയർമാൻ കെ. പി. വത്സലൻ നൽകി. മറ്റ് കലാകാരന്മാർക്കുള്ള ഉപഹാരങ്ങൾ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ. ബി. സേതുമാധവൻ, പി. എൻ. കൃഷ്ണമൂർത്തി, പന്താവൂർ ശങ്കരനാരായണൻ തുടങ്ങിയവർ സമ്മാനിച്ചു.

പ്രധാന സംഗീതകച്ചേരിക്ക് മുന്നോടിയായി ചെങ്കോട്ട ലക്ഷ്മി ഹരിഹര സുബ്രഹ്മണ്യത്തിന്റെ വീണക്കച്ചേരിയും അരങ്ങേറി.

Post a Comment

Previous Post Next Post