മാനസികാരോഗ്യ അവബോധമുണർത്തി അസ്സബാഹ് കോളേജ്; വളയംകുളത്ത് റാലി സംഘടിപ്പിച്ചു


 ചങ്ങരംകുളം: മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗവും എൻ.എസ്.എസും സംയുക്തമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.  


സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവി നിവ്യ വിജയൻ അധ്യക്ഷനായ ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫസർ അബ്ദുൽ റഹ്‌മാൻ.പി മുഖ്യപ്രഭാഷണം നടത്തി. മാനസികാരോഗ്യ അവബോധം നൽകുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത റാലി 12-ാം വാർഡ് മെമ്പർ ഫസീല ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും, മാനസിക സമ്മർദ്ദങ്ങളും വിഷമങ്ങളും തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഓരോ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.  


'മികച്ച മനസ്സ്, കരുത്തുറ്റ സമൂഹം' എന്ന സന്ദേശമുയർത്തിയായിരുന്നു റാലി സംഘടിപ്പിച്ചത്. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരെ മാറ്റിനിർത്താതെ ചേർത്തുപിടിക്കണമെന്ന സന്ദേശം വിദ്യാർത്ഥികൾ പൊതുജനങ്ങളിലേക്ക് എത്തിച്ചു.  

സൈക്കോളജി വിഭാഗം അധ്യാപകരായ ജവാഹിർ,ഹന്ന മെഹബൂബ്, കിബ്ലത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post