കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ വിപുലമായ 'മാസ് ക്ലീനിംഗ്' ദൗത്യം

ഒക്ടോബർ 7 മുതൽ 10 വരെ നടന്ന ചാമ്പ്യൻഷിപ്പിന് ശേഷം, മേളയ്ക്ക് വേദിയായ ഗ്രൗണ്ടും പരിസരപ്രദേശങ്ങളും ശുചീകരിച്ച് പൂർവ്വസ്ഥിതിയിലാക്കാൻ കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ 'മാസ് ക്ലീനിംഗ്' ദൗത്യം സംഘടിപ്പിച്ചു.നഗരത്തിൻ്റെ ശുചിത്വവും ഭംഗിയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ആയിരക്കണക്കിന് കായികപ്രേമികളും കായികതാരങ്ങളും എത്തിയ മത്സരവേദിയിൽ അവശേഷിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ട‌ങ്ങൾ നീക്കം ചെയ്ത‌് ഗ്രൗണ്ട് പൂർണ്ണമായും വൃത്തിയാക്കി.കുന്നംകുളം നഗരസഭചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, കൗൺസിലർമാരായ ദിലീപ് പുളിക്കൽ, രുദ്ര രജീഷ് എന്നിവർ ചടങ്ങിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേരിട്ട് നേതൃത്വം നൽകി.ശുചിത്വ ദൗത്യത്തിൽ ജനപ്രതിനിധികൾക്കൊപ്പം അധ്യാപകരും ഉദ്യോഗസ്ഥരും തദ്ദേശവാസികളും കൈകോർത്തു. സ്‌കൂൾ കായിക അധ്യാപകൻ ശ്രീനിഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റസിയ ടീച്ചർ, ഹയർ സെക്കൻഡറി അധ്യാപിക വിജയലക്ഷ്മി ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹേമ കുമാരി എന്നിവരുടെ സാന്നിധ്യവും മേൽനോട്ടവും ശുചീകരണം ഊർജ്ജിതമാക്കി.നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ചുരുങ്ങിയ സമയം കൊണ്ട് ഗ്രൗണ്ടും സമീപപ്രദേശങ്ങളും പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചത്. വൻകിട കായിക മാമാങ്കങ്ങൾക്ക് ശേഷം വേദികൾ വൃത്തികേടായി കിടക്കുന്ന പതിവ് രീതിക്ക് പകരം, മത്സരങ്ങൾ അവസാനിച്ചയുടൻ ഗ്രൗണ്ട് വീണ്ടും പൊതുജനങ്ങൾക്കായി വൃത്തിയാക്കി നൽകിയ കുന്നംകുളം നഗരസഭയുടെയും കൂട്ടായ്‌മയുടെയും ഈ മാതൃകാപരമായ പ്രവർത്തനം നാടിന്റെയൊട്ടാകെ പ്രശംസ പിടിച്ചുപറ്റി.
 

Post a Comment

Previous Post Next Post