പുത്തൻകുരിശ്: കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കൊടിയേറി. ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന കത്തീഡ്രലിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ കൊടിയുയർത്തി.
ഡോ. മാത്യൂസ് മാർ അന്തിമോസ്, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പങ്കെടുത്തു. കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴിന് മാത്യൂസ് മാർ അപ്രേമും ബുധനാഴ്ച രാവിലെ ഏഴിന് ഏലിയാസ് മാർ യൂലിയോസും 29ന് രാവിലെ ഏഴിന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസും കുർബാന അർപ്പിക്കും. ഈ ദിവസങ്ങളിൽ വൈകിട്ട് ആറിന് പ്രാർഥനയുണ്ടാകും.
30ന് രാവിലെ ഏഴിന് ഏലിയാസ് മാർ അത്താനാസിയോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. വൈകിട്ട് ആറിന് വിവിധ മേഖലകളിൽനിന്നുള്ള കാൽനട തീർഥയാത്രകൾ കബറിങ്കൽ എത്തിച്ചേരും. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും മെത്രാപ്പൊലീത്തമാരുടെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കും.
വൈകിട്ട് 6.15ന് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ കൂദാശയും സമർപ്പണവും ശ്രേഷ്ഠ ബാവാ നിർവഹിക്കും. 6.30ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ പ്രാർഥന നടക്കും. തുടർന്ന് നേർച്ചസദ്യയും ഉണ്ടാകും.
31ന് ശനിയാഴ്ച രാവിലെ 8.30ന് ശ്രേഷ്ഠ ബാവായുടെ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് അനുസ്മരണ പ്രസംഗവും നേർച്ചസദ്യയും നടക്കും.


