സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ പരിചരണത്തിന് പൊതു സ്ഥലംമാറ്റത്തിൽ പ്രത്യേക പരിഗണന


 ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ നിർണ്ണായക തീരുമാനം. ഭിന്നശേഷിയുള്ള മാതാവിനെയോ പിതാവിനെയോ പരിപാലിക്കുന്ന ജീവനക്കാർക്ക് ഇനി പൊതു സ്ഥലംമാറ്റത്തിൽ പ്രത്യേക പരിരക്ഷയും ആനുകൂല്യവും ലഭിക്കും.


വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെടുന്നത് മൂലം മാതാപിതാക്കളുടെ പരിചരണവും ചികിത്സയും മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാരിന്റെ ഈ ഇടപെടൽ. ​നിലവിൽ ഭിന്നശേഷിക്കാരായ മക്കൾ, ജീവിതപങ്കാളി, സഹോദരങ്ങൾ എന്നിവരെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ ഇളവുകൾ ലഭിച്ചിരുന്നു. ഈ ആനുകൂല്യത്തിന്റെ പരിധിയിലേക്കാണ് ഭിന്നശേഷിക്കാരായ മാതാപിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് പൊതുസ്ഥലംമാറ്റ മാനദണ്ഡം സർക്കാർ ഭേദഗതി ചെയ്തത്.


ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്. ​2017-ലെ പൊതുസ്ഥലംമാറ്റ മാനദണ്ഡ ഉത്തരവിലെ പ്രസക്തമായ ഖണ്ഡികയിലാണ് ഭിന്നശേഷിയുള്ള 'മാതാവിനോ പിതാവിനോ' എന്ന വ്യവസ്ഥ കൂടി പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ ഇത്തരത്തിലുള്ള ജീവനക്കാർക്ക് സാധാരണയായി നടക്കുന്ന പൊതു സ്ഥലംമാറ്റ നടപടികളിൽ പ്രത്യേക മുൻഗണന ലഭിക്കും.


എന്നാൽ മാതാപിതാക്കളെ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ എല്ലാ സാഹചര്യങ്ങളിലും സ്ഥലംമാറ്റം പൂർണ്ണമായി ഒഴിവാക്കപ്പെടുമെന്നല്ല, മറിച്ച് സർവീസിലെ മറ്റ് പൊതു മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഈ ആനുകൂല്യം അനുവദിക്കുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post