പാലക്കാട്: ട്രെയിനില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പാലക്കാട് റെയില്‍വേ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കൗണ്ടംപാളയം സ്വദേശി അരുണ്‍ കാര്‍ത്തിക് (31) ആണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കൊല്ലംതിരുപ്പതി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് യാത്രക്കാരിയായ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.ട്രെയിന്‍ പാലക്കാട് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കെ. ജെ., സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഫറലിഖാന്‍, ഗോകുല്‍, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


