തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി അറസ്റ്റിൽ


 തൃശൂർ: കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്നയാളുമായ പ്രവാസി പൊലീസ് പിടിയിൽ. കാറളം ആരുമ്പിള്ളി സ്വദേശി റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി സ്വർണം കവരാനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. അസുഖബാധിതനായ ഭർത്താവ് വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാനായി മകനും മരുമകളും പോയ സമയത്താണ് വീട്ടിൽ തനിച്ചായിരുന്ന സാവിത്രിക്ക് നേരെ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾ പുറത്തുപോയത് കണ്ട പുറമേയുള്ള ഏക വ്യക്തി റാഫിയായിരുന്നു. ഈ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി സാരി ഉപയോഗിച്ച് സാവിത്രിയുടെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.


സാവിത്രി അണിഞ്ഞിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം ഉൾപ്പെടെ ആകെ 16 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കഴുത്തിലും കൈകളിലും ക്രൂരമായ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post