മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി


 പത്തനാപുരം (കൊല്ലം): പട്ടാഴിയില്‍ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനില്‍ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുന്നിക്കോട് പോലിസ് സ്റ്റേഷനില്‍ കേസ് നിലനിന്നിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലിസ് സ്റ്റേഷനില്‍ വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. പോലിസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകള്‍ ബിറ്റിക്കൊപ്പം ക്രിസ്റ്റി പന്തപ്ലാവിലെ വീട്ടിലെത്തി തുണികള്‍ എടുക്കുന്നതിനിടെ, ബിനുവുമായി വാക്കേറ്റമുണ്ടായി. പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


അമ്മയെ വെട്ടുന്നതുകണ്ട മകള്‍ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. മകളാണ് പോലിസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ബിനുവിനെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചിനും തലയ്ക്കും കഴുത്തിനും വേട്ടേറ്റ് രക്തംവാര്‍ന്നാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈ.എസ്.പി എസ് ഷെരിഫ്, കുന്നിക്കോട് എസ് എച്ച് ശരത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്ത് സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിന്‍ മകനാണ്.

Post a Comment

Previous Post Next Post