കൊച്ചി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഹരിപ്പാട് വയ്യാപുരം സ്വദേശി ഡാനി എന്ന ധനേഷ് എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം ആലുവയില്‍ 180 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ ഹരികൃഷ്ണന്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഡാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.ബംഗളൂരുവില്‍ നിന്ന് മൈസൂരു വഴി സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഡാനിയെന്ന് പൊലീസ് സൂചിപ്പിച്ചു. മൈസൂരുവിന് അടുത്തുള്ള നഞ്ചന്‍ഗുഡി എന്ന സ്ഥലത്താണ് ഡാനി താമസിക്കുന്നത്. ഇവിടെ ഇയാള്‍ക്ക് വാഴത്തോട്ടവുമുണ്ട്. ഇവിടെ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്ന വാഴക്കുലകള്‍ക്കിടയില്‍ വിദഗ്ധമായി മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു.
അങ്കമാലി റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് ഒരാള്‍ പരുങ്ങി നില്‍ക്കുന്ന രീതിയില്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ധനേഷ് ആണെന്ന് പൊലീസിന് വ്യക്തമായത്. ഇൻസ്റ്റാഗ്രാം വഴിയാണ് ലഹരി വിൽപ്പന ഏകോപിപ്പിച്ചിരുന്നതെന്നും കൊറിയർമാരെ ഉപയോഗിച്ചാണ് വിതരണം നടത്തിയിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം.


