എടപ്പാൾ : സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം സഭാ മണ്ഡപത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12. 30 മുതൽ രാത്രി എട്ടുമണി വരെ ഒമ്പതാമത് പ്രതിമാസ കലാ സദസ് നടക്കും
കാവുകളിലും വീടുകളിലും നടത്തിവരുന്ന പാരമ്പര്യ അനുഷ്ഠാന ക്ഷേത്രകലാരൂപമാണ് അയ്യപ്പൻ തിയ്യാട്ടാണ് അവതരണം നാളെ നടക്കുക.തൂണുകൾ കെട്ടിയൊരുക്കിയ മണിപ്പന്തലിൽ ശാസ്താരൂപം കളമെഴുതിയാണ് ചടങ്ങുകൾ നടത്തുന്നത്.
പച്ച, മഞ്ഞ, വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് നാലുമണിക്കൂറോളം ചെലവഴിച്ചാണ് കളം ഒരുക്കുന്നത്.
തുടർന്ന് വൈകിട്ട് 5.30ന് വാദ്യസമേതം കൂത്ത് അവതരിപ്പിക്കും. അയ്യപ്പന്റെ ജനനപുരാണം തോറ്റംപാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് കൂത്തിന്റെ പ്രത്യേകത.
കൂടിയാട്ടത്തിന്റെ ഛായയുള്ള നന്ദികേശ്വരവേഷം മുദ്രാനൃത്തത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കും. തുടർന്ന് വെളിച്ചപ്പാട് അരങ്ങിലെത്തും. ഈടുംകൂറും ചുവടുകൾക്കുശേഷം കളപ്രദക്ഷിണവും അയ്യപ്പരൂപം മായ്ക്കുന്ന ചടങ്ങും നടക്കും.
പാരമ്പര്യ അനുഷ്ഠാനകലയുടെ സവിശേഷതകൾ അടുത്തറിയാൻ ഏവരെയും സംഘാടകർ ക്ഷണിച്ചു.


