കെഎസ്‌ആർടിസി ബസില്‍ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ അനുമോദനം.നവജാതശിശുവിനും അമ്മയ്ക്കും മന്ത്രിയുടെ പ്രത്യേക സമ്മാനവും നല്‍കി.
ഇന്നലെ ഉച്ചയ്ക്കു രണ്ടേകാലോടെയാണു മന്ത്രിക്കുവേണ്ടി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഉബൈദ് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അനുമോദനം അറിയിച്ചത്. അമല മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍മാര്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പ്രത്യേകം ആശംസകള്‍ അറിയിച്ചു.
മലപ്പുറം തിരുനാവായ സ്വദേശിനി സെറീനയ്ക്കും കുഞ്ഞിനും മന്ത്രി നല്‍കിയ ബേബി കിറ്റ് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിനു ഡിടിഒ കൈമാറി. അമ്മയുടെയും കുഞ്ഞിന്‍റെയും ചികിത്സാചെലവ് പൂര്‍ണമായുംസൗജന്യമായിരിക്കുമെന്നു ഫാ. ജൂലിയസ് അറിയിച്ചു. അവസരോചിത ഇടപെടല്‍ നടത്തിയ കെഎസ്‌ആർടിസി ജീവനക്കാരെ ആശുപത്രിയുടെ നേതൃത്വത്തില്‍ ആദരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നു ഡിടിഒ പറഞ്ഞു. കെഎസ്‌ആർടിസിയും ജീവനക്കാരെ ആദരിക്കുമെന്നാണു സൂചന.
ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഗൈനക്കോളജി മേധാവി ഡോ. അനോജ് കാട്ടൂക്കാരന്‍, എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. ലീനസ് എന്നിവര്‍ സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിന്ദു, സൂപ്രണ്ട് ബിജി, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ എന്നിവരും ഡിടിഒയ്‌ക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അങ്കമാലിയില്‍നിന്ന് തൊട്ടില്‍പ്പാലത്തേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലാണ് യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.



