ഗുരുവായൂരിലെ പ്രൈവറ്റ് ബസ്സുകൾ ഇനി താത്ക്കാലിക ബസ്റ്റാന്റിൽ നിന്നും


 പ്രൈവറ്റ് ബസുകള്‍ ഇനി താത്കാലിക ബസ്‌ സ്റ്റാൻഡുകളില്‍നിന്ന് സർവീസ് നടത്തും. നഗരസഭയുടെ ബസ്‌ സ്റ്റാൻഡ് നിർമാണത്തിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഗതാഗതപരിഷ്കരണം തുടരാൻ തീരുമാനിച്ചു.

നിർമാണം പൂർത്തിയാകുന്നതുവരെ പരിഷ്കരണം തുടരും. നിർമാണത്തിനായി ബസ്‌ സ്റ്റാൻഡ് യാർഡ് പൂർണമായും അടച്ചു. ബസുകള്‍ കിഴക്കേനടയിലെയും പടിഞ്ഞാറെനടയിലെയും താത്കാലിക സ്റ്റാൻഡുകളില്‍ പാർക്ക് ചെയ്യാനാണ് തീരുമാനം. ചൊവ്വല്ലൂർപ്പടി വഴി തൃശൂരിലേക്കുപോകുന്ന ബസുകള്‍ ഔട്ടർറിംഗ് റോഡിലെ നഗരസഭയുടെ അഗതിമന്ദിരത്തിന് സമീപമുള്ള മള്‍ട്ടിലെവല്‍ പാർക്കിംഗ് സമുച്ചയത്തില്‍ നിന്ന് സർവീസ് ആരംഭിക്കും. തിരിച്ചുവരുന്ന ബസുകള്‍ പാലത്തില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പടിഞ്ഞാറെ നട, കൈരളി ജംഗ്ഷൻ വഴി പാർക്കിംഗ് സമുച്ചയത്തിലെത്തും. ചാവക്കാട്, കുന്നംകുളം ഭാഗത്തുനിന്നുവരുന്ന ബസുകള്‍ മമ്മിയൂർ കൈരളി ജംഗ്ഷൻ വഴി ഇടത്തോട്ട് തിരിഞ്ഞ് ഔട്ടർറിംഗ് റോഡിലേക്ക് പ്രവേശിച്ച്‌ മഞ്ജുളാല്‍ ജംഗ്ഷൻ വഴി ഔട്ടർറിംഗ് റോഡ് ചുറ്റിപടിഞ്ഞാറെനടയിലെ പഴയ മായ ബസ്‌സ്റ്റാൻഡില്‍ എത്തി അവിടെനിന്ന് സർവിസ് ആരംഭിക്കും. കെഎസ്‌ആർടിസി ബസുകള്‍ പടിഞ്ഞാറെ നടയിലെ സ്റ്റാൻഡില്‍നിന്ന് കൈരളി ജംഗ്ഷൻ വഴി ഔട്ടർറിംഗ് റോഡുചുറ്റി സർവിസ് നടത്തണം. 



ഗതാഗതപരിഷ്കരണ പരീക്ഷണം വിജയകരമായിരുന്നുവെന്ന് നഗരസഭ വിളിച്ചുചേർത്ത പോലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അഭിപ്രായപ്പെട്ടു. പരീക്ഷണദിവസം കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കും. ഗതാഗത നിയന്ത്രണത്തിന് താത്കാലികമായി സ്പെഷല്‍ പോലീസിനെ നിയോഗിക്കും. പുതിയ പരിഷ്കരണത്തില്‍ ബസുകളുടെ സമയക്രമം പാലിക്കാൻ കഴിയുമോ എന്ന് ആശങ്കയുള്ളതായി ബസ് ഓണേഴ്സ്അസോസിയേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ. സേതുമാധവൻ അറിയിച്ചു. 


മായ ബസ്‌ സ്റ്റാൻഡില്‍ യാത്രക്കാർക്ക് മഴയും വെയിലും ഏല്‍ക്കാതെ നില്‍ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളും നടപ്പില്‍ വരുത്തണമെന്നും കെ.കെ. സേതുമാധവൻ അറിയിച്ചു. ഊരാളുങ്കല്‍ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ബസ് സ്റ്റാൻഡ് നിർമാണം കരാർ എടുത്തിരിക്കുന്നത്. രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Post a Comment

Previous Post Next Post