കൂറ്റനാട് ടൗൺ വികസനം
സ്ഥലമേറ്റെടുപ്പിൻ്റെ ഭാഗമായി നഗരത്തിൽ സർവ്വേക്കല്ലുകൾ സ്ഥാപിച്ച് തുടങ്ങി.
കൂറ്റനാട് ടൗൺവികസനത്തിൻ്റെ ഭാഗമായി നിലമെടുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ടൗൺ വികസനത്തിനാവശ്യമായ സ്ഥലങ്ങളുടെ അടയാളപ്പെടുത്തൽ തുടങ്ങി. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കു വാല്യുവേഷൻ അസിസ്റ്റൻ്റ് ദിനേഷ് കുമാർ, ഫസ്റ്റ് ഗ്രേഡ് സർവ്വേയർ യു. വിജിത, പി. ശ്രുതിമോൾ (സർവ്വേയർ) എന്നിവരുടെ നേതൃത്വത്തിലുള്ള നിലമെടുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥ സംഘമാണ് കൂറ്റനാടെത്തി സ്ഥലമെടുപ്പിനായി കല്ലുകൾ സ്ഥാപിച്ചത്. കൂറ്റനാട് ടൗൺ വികസനം സാധ്യമാകുന്നതോടെ
പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാനപാതയിൽ ശ്രദ്ധേയമായ നഗരമായി കൂറ്റനാട് പട്ടണത്തിന് മാറാനാകും. ടൗൺവികസനമെത്തുന്നതോടെ തൃത്താല മണ്ഡലത്തിൻ്റെ മുഖഛായ തന്നെ മാറുമെന്നാണ് കൂറ്റനാട്ടുകാർ പറയുന്നത്. സമവായത്തിലൂടെ പദ്ധതി എത്രയും വേഗത്തിൽ സാധ്യമാകുെമെന്ന പ്രതീക്ഷയാണ് കൂറ്റനാട്ടെ ജനങ്ങൾക്കിടയിലും പ്രത്യേകിച്ച് വ്യാപാരികൾക്കിടയിലുമുള്ളത്.
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സമഗ്രപദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടതിൻ്റെ ചുവടുപിടിച്ചാണ് കൂറ്റനാട് നഗരവും വികസനക്കുതിപ്പിലേക്ക് കടക്കുന്നത് . ഗതാഗതക്കുരുക്ക് രൂക്ഷമായ ജില്ലകളിലെ 21 ജങ്ഷനുകൾ ആണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. സംസ്ഥാനത്ത് ഇതിനായി കിഫ്ബി വഴി 300 കോടി രൂപയാണ് അനുവദിക്കുന്നത്. റോഡുകളുടെ വീതികൂട്ടിയും ആവശ്യമായ മേൽപ്പാലങ്ങളും ബൈപ്പാസുകളും നിർമിച്ചുമാണ് ജങ്ഷനുകൾ വികസിപ്പിക്കുന്നത്. മികച്ച ട്രാഫിക് സംവിധാനങ്ങളും നടപ്പാതകളും, മുന്നറിയിപ്പ് ബോർഡുകളും, സൗന്ദര്യ സജ്ജീകരണങ്ങളും, സി.സി.ടി.വി കാമറകളുമെല്ലാം നഗരങ്ങളിൽ സ്ഥാപിക്കും.
വിശദപഠനം നടത്തി ഓരോ ജില്ലയിലും കുറഞ്ഞത് ഒന്ന് എന്ന നിലയിലാണ് വികസിപ്പിക്കാനുള്ള ജങ്ഷനുകൾ കണ്ടെത്തിയതിൽ കൂറ്റനാടിനേയും ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ, തൃത്താലക്കാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതുവഴി നടപ്പിലാകുന്നത്. വിശദമായ പദ്ധതിരേഖ പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിൽ പൂർത്തിയായി. വിവിധ തലങ്ങളിലുള്ള യോഗങ്ങളും നടന്നു. സംസ്ഥാന സർക്കാരിന്റെ രൂപകൽപനാ നയത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി രേഖകൾ തയ്യാറാക്കി മാതൃകയും പ്രസിദ്ധീകരിച്ചാണ് നവീകരണം നടപ്പിലാക്കുന്നത്. പാലക്കാട് ജില്ലയിൽ നിന്ന് കൂറ്റനാട് ടൗൺ മാത്രമാണ് പുതിയ നഗരവികസന പട്ടികയിലുള്ളത്.
13.29 കോടി രൂപയാണ് കൂറ്റനാട് ടൗൺ വികസനത്തിനായി അനുവദിച്ചിട്ടുള്ളത് .ഇതിൻറെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. .വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുമായും സ്ഥലമുടമകളുമായുള്ള ചർച്ചകളെല്ലാം പൂർത്തിയായി. 2018 ലെ സ്ഥലം ഏറ്റെടുക്കൽ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരമാണ് സ്ഥലം വിട്ടുനൽകുന്നവർക്ക് ലഭിക്കുക..കൂറ്റനാട് സെൻററിൽ നിന്ന് പെരുമ്പിലാവ്, പടിഞ്ഞാറങ്ങാടി, തൃത്താല, പട്ടാമ്പി എന്നീ നാല് റോഡിലേക്കും 300 മീറ്റർ നീളത്തിലാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്. ഓരോ റോഡിലേക്കും തിരിയുന്ന ഭാഗത്ത് ടൗണിൽ 100 മീറ്റർ നീളത്തിൽ 12 മീറ്ററിലാണ് നവീകരിക്കുന്നത്. ബാക്കി ഓരോ റോഡിലും 200 മീറ്റർ നീളമുള്ള ഭാഗത്ത് 10 മീറ്ററിലുമാണ് നവീകരണം നടത്തുക. റോഡിൽ നടുവിൽ മീഡിയൻ,സിഗ്നൽ ലൈറ്റ്, എന്നിവയും സ്ഥാപിക്കും. കൂടാതെ ബസ് ബേകളും നവീന മാതൃകയിലുള്ള കാത്തിരിപ്പ് ഷെഡ്ഡുകളും, സ്ഥാപിക്കുന്നുമുണ്ട്.


