കേന്ദ്ര സിനിമ നിർമ്മാണ സ്റ്റുഡിയോ : മന്ത്രി സുരേഷ് ഗോപിക്ക് 'മക്കൾ' നിവേദനം നൽകി.
കോഴിക്കോട്: 'കേന്ദ്ര' വാർത്ത വിതരണ മന്ത്രാലയം സ്വകാര്യ പങ്കാളിത്തത്തോടെ 10000, കോടി രൂപ മുതൽമുടക്കിൽ സജ്ജമാക്കാൻ ചർച്ച പുരോഗമിക്കുന്ന സ്റ്റുഡിയോ മാവൂരിൽ നിർമ്മിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് മലയാള ചലച്ചിത്ര കാണികൾ (മക്കൾ) പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പ്രമുഖ സംവിധായകനും, ഗാന രചയിതാവുമായ കൈതപ്പുറം ദാമോദരൻ നമ്പൂതിരി എന്നിവർ നിവേദനം നൽകി. നിവേദനത്തോടൊപ്പം കേന്ദ്ര വാർത്ത വിതരണ മന്ത്രിക്ക് 20-07-2024ന് സംഘടന സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പ് സഹിതമാണ് നിവേദനം നൽകിയത്.
200 ഏക്കറിലുള്ള രാജ്യാന്തര പോസ്റ്റ് പ്രൊഡക്ഷൻ ഹബ്ബ് ആയി സ്റ്റുഡിയോ മാറ്റുകയാണ് ലക്ഷ്യം എന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചത്. അതിൽ ഇരട്ടി അനുയോജ്യമായ സ്ഥല ലഭ്യതയുള്ളതും, പ്രകൃതി രമണീയവും, എയർ, റെയിൽ, റോഡ്, വാട്ടർ കണക്ടിവിറ്റി ഉള്ളതും, മുൻകാലങ്ങളിൽ നിരവധി മലയാള, തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രങ്ങൾ ചിത്രീകരിക്കുകയും, താരതമ്യേന കുറഞ്ഞ ചിലവിൽ നിർമ്മിക്കാം എന്നതും, ഭാഗ്യ നഗരമെന്ന് ചലച്ചിത്ര നിർമ്മാതാക്കളും, സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും ഒരുപോലെ വിശേഷിപ്പിച്ച നഗരമാണ് കോഴിക്കോട് എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അറിവുള്ളതാണെന്ന് അദ്ദേഹം പങ്കെടുത്ത ഒരു പൊതു ചടങ്ങിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയതുമാണ്.
ആയതിനാൽ മാവൂരിൽ ഈ സ്ഥാപനം ലഭിക്കുന്നതിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും സഹകരണം മലയാള ചലചിത്രകാണികൾ അഭ്യർത്ഥിച്ചു.


