ചാലിശ്ശേരി പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി അതിവിപുലമായി ആഘോഷിച്ചു.രാവിലെ 4.30 ന് നട തുറന്നതിനു ശേഷം ഗണപതിഹോമം,സരസ്വതീ പൂജ,വിശേഷാൽ പൂജകൾ,എഴുത്തിനിരുത്തൽ എന്നിവ നടന്നു.
പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി സി.അരവിന്ദ് എന്നിവരും എഴുത്തിനിരുത്തൽ ചടങ്ങിന് പ്രദീപ് ചെറുവശ്ശേരിയും, ഇതര പരിപാടികൾക്ക് പട്ടിശ്ശേരി ദേവസ്വം കമ്മിറ്റിയും നേതൃത്വം നൽകി.നൂറിലധികം വിദ്യാർഥികളുടെ പുസ്തകങ്ങൾ വ്യാഴാഴ്ച വൈകീട്ട് നവരാത്രി പൂജയ്ക്കായി ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു. വിദ്യാദേവതയായ സരസ്വതിയെ ധ്യാനിച്ചുകൊണ്ട് വ്യാഴാഴ്ച വൈകീട്ടും, വെള്ളി,ശനി ദിവസങ്ങളിലെ പൂജയ്ക്ക് ശേഷം ഇന്ന് വിജയദശമി ദിനത്തിൽ രാവിലെ നടന്ന സരസ്വതീ പൂജയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് സരസ്വതീ പ്രസാദത്തിനോടൊപ്പം പുസ്തകങ്ങളും പൂജിച്ചു നൽകി.
ഇന്ന് വൈകിട്ട് ക്ഷേത്രം അഗ്രശാലയിൽ പട്ടിശ്ശേരി നെച്ചിക്കൽ ദിനേശ്-സന്ധ്യ ദമ്പതികളുടെ പുത്രി ദീപിക ദിനേശിന്റെ ഭരതനാട്യത്തിന്റെ അരങ്ങേറ്റവും നടക്കുമെന്ന് ദേവസ്വം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


