ജലസേചനത്തിനായി കർഷകരൊരുക്കിയ താത്കാലിക ബണ്ട് സാമൂഹ്യ ദ്രാേഹികൾ നശിപ്പിച്ചു.
നാഗലശ്ശേരി, പട്ടിത്തറ, തൃത്താല പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ പുളിയപ്പറ്റ കായലിനടുത്തുള്ള കുരുത്തിച്ചാൽ ചിറയിൽ കർഷകരുടെ കൂട്ടായ്മയിൽ തീർത്ത താത്ക്കാലിക ബണ്ട് രാത്രിയുടെ മറവിൽ സാമൂഹ്യദ്രോഹികൾ തകർത്തു. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവുമില്ലാതെ വഴുതക്കാട് ഭാഗത്തെ കർഷകർ ദിവസങ്ങളോളം പണിയെടുത്ത് മണൽച്ചാക്ക്, വാഴപ്പിണ്ടി, മരത്തടികൾ, എന്നിവ ഉപയോഗിച്ചുണ്ടാക്കിയ താത്ക്കാലിക ബണ്ട് തകർത്തതോടെ പ്രദേശത്തെ കർഷകർ കൂനിന്മേൽ കുരു എന്ന പോലെ വീണ്ടും ദുരിതം ഏറ്റുവാങ്ങേണ്ടി വന്നിരിക്കയാണ്.
ഇവിടുത്തെ, 500 ഏക്കറിലധികമുള്ള നെൽ കൃഷിയിലേക്ക് വെള്ളം ലഭ്യമാക്കുന്നത് കുരുത്തിച്ചാൽച്ചിറയിൽ നിന്നാണ്. 50 വർഷത്തിലധികം പഴക്കമുള്ള ചിറയിലുണ്ടായിരുന്ന മരച്ചീർപ്പുകൾ കാലപ്പഴക്കത്താൽ നശിച്ച് പോയിരുന്നു. പിന്നീട് ചീർപ്പ് പുന:സ്ഥാപിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാവാത്തതിനെ തുടർന്നാണ് ജലസേചനം നടത്തുന്നതിനായി കർഷകർക്ക് താത്ക്കാലിക ബണ്ട് കെട്ടേണ്ടി വരുന്നത്. ഇക്കൊല്ലവും പതിവ് പോലെ പണവും അധ്വാനവും ചിലവഴിച്ച് താത്ക്കാലിക ബണ്ട് നിർമ്മിച്ചതാണ്. സാമൂഹ്യ വിരുദ്ധർ ബണ്ട് തകർത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ വലിയ വിഷമസ്ഥിതിയിലാണ്.
ബണ്ടിൽ നിന്നുള്ള ജലസേചനത്തിൻ്റെ പ്രതീക്ഷയിൽ സ്ഥലത്ത് നട്ട 500 ഏക്കറിലധികം ഞാറുകൾ കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. പാടശേഖരത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്താതായതോടെ നിലം വീണ്ട് കീറാനും തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെപ്പോയാൽ ഇവിടുത്തെ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് ഇവിടുത്തെ കർഷകരായ എം.പി. നിഷാദ്, ടി.എ.സലാം , ടി.വി. സന്തോഷ്, ഷൗക്കത്ത് എന്നിവർ പറയുന്നു. ബന്ധപ്പെട്ട അധികൃതരോട് പ്രശ്നങ്ങൾ ഉന്നയിച്ചെങ്കിലും സംഭവസ്ഥലം സന്ദർശിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
പുളിയപ്പറ്റകായലിനോടടുത്ത് കിടക്കുന്ന കുരുത്തിച്ചാൽ ചിറ ജലസമൃദ്ധിയുള്ള പ്രദേശമാണ്. താത്ക്കാലിക ബണ്ടുകൾ നിർമ്മിക്കുന്നത് കൊണ്ട് രണ്ടാം വിള വലിയ അപകടം കൂടാതെ കർഷകർക്ക് കൃഷി ചെയ്യാൻ പറ്റുന്ന സ്ഥിതിയുമുണ്ടായിരുന്നതാണ്. എന്നാൽ ബണ്ട് തകർത്ത് ജലലഭ്യത ഇല്ലാതാവുന്നതോടെ കർഷകർ കൂടുതൽ കഷ്ടത്തിലാവുകയാണ്.
കാർഷിക മേഖലയുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുമായി സർക്കാർ വിവിധ പദ്ധതികളിലൂടെ കോടികൾ പൊടിക്കുമ്പോഴാണ് കയ്യിൽ നിന്ന് പണവും സ്വന്തം അധ്വാനവും ചെലവഴിച്ച് തോട്ടിലെ മാലിന്യങ്ങൾ നീക്കിയും ബണ്ട് നിർമ്മിച്ചും കൃഷിയെ സംരക്ഷിക്കുവാൻ ഇവിടുത്തെ കർഷകർ പെടാപാടുപെടുന്നത്.
ഇതിനിടയിലാണ് കർഷകരെ ദുരിതത്തിലേക്ക് തള്ളുന്ന ഇത്തരം ദ്രോഹപ്രവൃത്തികൾ സാമൂഹ്യ വിരുദ്ധരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധരുടെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് അവഗണനയാണുണ്ടാവുന്നതെ ങ്കിൽ , കൃഷി പൂർണ്ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
.


