മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കുറുക്കൻപാറ ഗ്രീന്‍പാര്‍ക്കില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.
കിഴൂര്‍ വിവേകാനന്ദ കോളേജ്, ഗവ. പോളിടെക്നിക്, കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന നൂറോളം അംഗങ്ങളാണ് യൂത്ത് മീറ്റില്‍ പങ്കെടുത്തത്.
ചെയർപേഴ്സൺ സീത രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി മനോജ് കുമാർ നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 'മാലിന്യ സംസ്കരണം കേരളത്തിൽ' എന്ന വിഷയത്തില്‍ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ ക്ലാസെടുത്തു.
തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പാർക്കിലെ ജൈവവള നിർമ്മാണ പ്ലാന്റ്, എം സി എഫ്, ആർ ആർ എഫ് എന്നിവ സന്ദർശിക്കുകയും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും ചെയ്തു. ഓരോ വിദ്യാലയത്തെയും പ്രതിനിധീകരിച്ച് കുട്ടികൾ മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ചു.
ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദ്, എ. രഞ്ജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ് ഷീബ, എസ്. രശ്മി, പി. എസ് സജീഷ്, പി. പി വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


