മകനെ ബൈക്കില്‍ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച അച്ഛന് ലൈസൻസില്ല, പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഇൻഷൂറൻസും പുറകിലിരുന്ന മകന് ഹെല്‍മറ്റുമില്ല- പിഴയോടു പിഴ
കൊച്ചിയില്‍ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവിന് ലൈസൻസും വാഹനത്തിന് രേഖകളുമില്ലെന്ന് കണ്ടെത്തി പൊലീസ്.കഴിഞ്ഞ ദിവസം രാവിലെ മകനെ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവ് പച്ചാളം സ്വദേശി വി.പി. ആൻ്റണിക്കാണ് വാഹനത്തിന് രേഖകളില്ലാത്തതിൻ്റെയും തനിയ്ക്ക് ലൈസൻസ് ഇല്ലാത്തതിൻ്റെയും പേരില്‍ എംവിഡിയില്‍ നിന്നും കനത്ത പിഴ സ്വീകരിക്കേണ്ടി വന്നത്. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തില്‍ നിന്നും 9,500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇ-ചലാനില്‍ രേഖപ്പെടുത്താൻ പിതാവിൻ്റെ ഡ്രൈവിങ് ലൈസൻസ് ചോദിച്ചപ്പോഴാണ് അത് ഇല്ലെന്നു ബോധ്യമായത്.
തുടർന്ന് ബൈക്കിൻ്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇൻഷുറൻസിൻ്റെയും പൊല്യൂഷൻ സർട്ടിഫിക്കറ്റിൻ്റെയും കാലാവധിയും കഴിഞ്ഞിരുന്നു. കൂടാതെ പിതാവിൻ്റെ ബൈക്കിന് പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകൻ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ഇതോടെയാണ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ എൻ.എസ്. ബിനു പിഴ ചുമത്തിയത്. നാലു കുറ്റങ്ങള്‍ക്കും കൂടി ചേർത്തായിരുന്നു പിഴയെന്ന് ആർടിഒ ടി.എം. ജേഴ്സണ്‍ പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000, ഇൻഷുറൻസ് ഇല്ലാത്തതിന് 2,000, പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. സംഭവത്തെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്ന വാഹനങ്ങളുടെ രേഖകളും ഓടിക്കുന്നവരുടെ ലൈസൻസും പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.


