ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബർ 18 ദിവസം കൊണ്ട് പണി പൂർത്തീകരിച്ചത്

പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്ത്യ വിശ്രമം കൊളളുന്ന മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ബാവയുടെ കബറിടംപണി തീർത്തത് മൂവാറ്റുപുഴ സ്വദേശികളായ പ്രദീപ് കുമാറും, രമേശനും.


പുത്തൻകുരിശ് ചുണ്ടി ബൈസന്റൈൻ ഡിസൈനേഴ്‌സ് ചീഫ് ആർക്കിടെക് ജോബിനാണ് കബറിടം രൂപകൽപന ചെയ്‌തത്. കബറിൻ്റെ കൊത്ത് പണികൾ അടക്കം നിർമ്മാണം മുഴുവൻ ഇവരുടെ മേൽനോട്ടത്തിലായിരുന്നു. പരിശുദ്ധ ബാവയുടെ അനുഗ്രഹമാണ് മനോഹരവും, ആത്മീയത തുളുമ്പുന്നതുമായ രൂപ കൽപനക്ക് അനുസരിച്ച് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ഇരുവരും പറഞ്ഞു.


കാലങ്ങളോളം വിശ്വാസി സമൂഹം എത്തുമെന്ന് ഉറപ്പുളള തൃക്കബർ രൂപകൽപനയിലും, കൊത്തു പണികൾ അടക്കമുളള നിർമ്മാണത്തിലും അതീവ സൂക്ഷ്മതയാണ് സംഘം പുലർത്തിയിരിക്കുന്നത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ മരപ്പണി വർക്ക് ഷോപ്പ് നടത്തുന്ന മുളവൂർ സ്വദേശികളായ പ്രദീപ് മന്ദിരത്തിൽ പി.ജി. പ്രദീപ് കുമാർ, ഒലിയ പുറത്ത് ഒ.എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ 18 ദിവസം രാത്രിയിലും പകലുമായി വിവിധ പ്രദേശങ്ങളിലുള്ള 250 കൊത്ത് പണിക്കാരും, അത്രയും തന്നെ മരപ്പണിക്കാരും പണിയിലേർപ്പെട്ടു. 140 ക്യുബിക്കടി കൂപ്പ് തേക്കിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. മനോഹരമായി നിർമ്മിച്ച കബറിടം ഇതിനകം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി .

Post a Comment

Previous Post Next Post